തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ കോൺഗ്രസ് മുൻ എം.എൽ.എമാരെക്കൂടി പ്രതിചേർക്കാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പേരുകൾ ഉൾപ്പെടുത്തേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുക്കുന്നത്. മുൻ ഇടത് എംഎൽഎമാരായ ജമീല പ്രകാശം, ഇ.എസ് ബിജിമോൾ എന്നിവരെ പ്രതിപക്ഷ എംഎൽഎമാർ കൈയേറ്റം ചെയ്തെന്നും തടഞ്ഞുവച്ചെന്നുമുള്ള പരാതിയിലാണ് പുതിയ കേസ്.
കേസെടുക്കുന്ന കാര്യം ക്രൈംബ്രാഞ്ച് ഇന്ന് സിജെഎം കോടതിയെ അറിയിക്കും. മ്യൂസിയം പോലീസാകും പുതിയ കേസ് രജിസ്റ്റർ ചെയ്യുക. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കേസിൽ മൊഴിയെടുക്കലും അന്വേഷണവും പൂർത്തിയാക്കി പുതിയ റിപ്പോർട്ടും ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് സാദ്ധ്യത.
മുൻ പ്രതിപക്ഷ എംഎൽഎമാരായ എം.എ വാഹിദ്, അഡ്വ. ശിവദാസൻ നായർ എന്നിവർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ആറ് ഇടത് നേതാക്കൾ പ്രതികളായ നിയമസഭ കൈയങ്കാളി കേസിലെ തുടരന്വേഷണ റിപ്പോർട്ടിൽ മുൻ പ്രതിപക്ഷ എംഎൽഎമാരെ കൂടി ഉൾപ്പെടുത്താനായിരുന്നു ആദ്യ നീക്കം. എന്നാൽ ഇത് കേസിനെ ബാധിക്കുമെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് ഇപ്പോൾ പ്രത്യേകം കേസെടുക്കുന്നത്.