ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ‘ലാൻഡ’ എന്ന ലഖ്ബീർ സിംഗ് ലാൻഡ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ വൻ തുക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ലാൻഡയെ കുറിച്ചറിയാം;
1. പഞ്ചാബിലെ തരൺ തരൺ സ്വദേശിയായ ലഖ്ബീർ സിംഗ് ലാൻഡ, നിലവിൽ കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടനിലാണ് താമസിക്കുന്നതെന്നാണ് വിലയിരുത്തൽ
2. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഹർവീന്ദർ സിംഗിന്റെ അടുത്ത സഹായിയാണ് ലാൻഡ. 2017ലാണ് റിൻഡ എന്ന ലാൻഡ കാനഡയിലേക്ക് കുടിയേറുകയും ഖലിസ്ഥാൻ ഭീകര സംഘടനയായ ബികെഐയുമായി ചേർന്ന് ഇന്ത്യാ- വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായതും.
3. 2011 ജൂലൈയിൽ ഹരികെ പട്ടനിൽ വച്ച് നടത്തിയ വധശ്രമമാണ് ലാൻഡക്കെതിരെയുളള ആദ്യ കേസ്. അമൃത്സർ, ടാൻ ഠരൺ, മോഗ, ഫിറോസ്പൂർ ജില്ലകളിൽ നടന്ന കൊലപാതകങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയടക്കം 18 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ലാൻഡ. മോഗയിൽ വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് 2016 മെയ് മാസത്തിലാണ് ലാൻഡയ്‌ക്കെതിരെ പഞ്ചാബ് പോലീസ് അവസാനമായി കേസ് രജിസ്റ്റർ ചെയ്തത്.
4. അമൃത്‌സറിലെ സബ് ഇൻസ്‌പെക്ടറുടെ കാറിനടിയിൽ ഐഇഡി സ്‌ഫോടകവസ്തു സ്ഥാപിച്ചിത് ലാൻഡയായിരുന്നു. മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയാണ് ലാൻഡ.
5. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നടത്തിയ കൊലപാതകങ്ങളും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ- വിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് 2022ൽ ഇയാൾക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.















