മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മർദ്ദിച്ച 6-ാം ക്ലാസുകാരന്റെ നില ഗുരുതരം. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്. അശ്വിനാണ് കഴുത്തിന് മാരക പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആസുപത്രിയിൽ ചികിത്സയിലുള്ളത്. കോഴിപ്പുറം എ.എം.യു.പി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.
സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. ഉരുട്ടി കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിക്കുകയും വടി കൊണ്ട് തല്ലി ചതയ്‌ക്കുകയുമായിരുന്നു. അവശനായ കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ പരിശോധന നൽകാൻ മാതാപിതാക്കളുടെ പക്കൽ പണം ഇല്ലായിരുന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ ആളുകൾ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ നിൽക്കുന്ന നാല് നിലയുള്ള ക്വാട്ടേഴ്‌സിന്റെ മൂന്നാം നിലയിലാണ് കുട്ടിയും വീട്ടുകാരും താമസിക്കുന്നത്. പ്രശ്‌നം ഗുരുതരമായാൽ വീട്ടിൽ നിന്നും ഇറക്കി വിടുമോ എന്ന ഭയവും യുവാവിനെതിരെ കേസ് കൊടുക്കുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചു. ഇതിനിടയിലാണ് കുട്ടിയുടെ അവസ്ഥ ഗുരുതരമായത്. മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയുടെ വിവരങ്ങൾ അറിഞ്ഞ ഡോക്ടേഴ്‌സാണ് ആക്രമണ വിവരം പോലീസിൽ അറിയിച്ചത്.















