എറണാകുളം: ജെഫ് ജോൺ ലൂയിസ് കൊലപാതകക്കേസിൽ പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്തും. പ്രതികളെയും കൊണ്ട് എറണാകുളം സൗത്ത് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി കഴിഞ്ഞദിവസം ഗോവയിലെത്തിയിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും, മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതികളായ അനിൽ ചാക്കോ, ടി വി വിഷ്ണു, സ്റ്റെഫിൻ തോമസ് എന്നിവരുടെ മൊഴി. കൂടാതെ വടക്കൻ ഗോവയിൽ ബീച്ചിനോട് ചേർന്ന സ്ഥലത്ത് മൃതദേഹം തള്ളിയെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.
രണ്ടാം പ്രതി സ്റ്റെഫിന് ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ തെളിവെടുപ്പിനായി കൊണ്ടുപോയിട്ടില്ല. ജെഫിനെ കൊലപ്പെടുത്തിയ സ്ഥലം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള അന്വേഷണവും നടക്കും. മൃതദേഹ അവശിഷ്ടങ്ങൾ കേരളപോലീസ് കണ്ടെടുത്ത ശേഷമാകും തെളിവെടുപ്പ്. കൊല്ലപ്പെട്ട ജെഫ് ജോൺ ലൂയിസിന്റേത് എന്ന് കരുതുന്ന മൃതദേഹവശിഷ്ടങ്ങൾ ലഭിച്ചതായി ഗോവ പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 13 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ മൂന്നു പ്രതികളുമായി കൊച്ചി സിറ്റി പോലീസ് ഗോവയിലേക്ക് തിരിച്ചത്. ഡിസംബർ കാലയളവിൽ ഗോവയിൽ നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് ഗോവൻ പോലീസിൽ നിന്ന് കൂടുതൽ വിവരം അന്വേഷണ സംഘം ശേഖരിക്കും.
അനിൽ ചാക്കോ, ടി വി വിഷ്ണു, സ്റ്റെഫിൻ തോമസ് എന്നി പ്രതികൾക്ക് പുറമെ കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് എറണാകുളം തേവരയിൽ നിന്ന് ജെഫ് ജോണിനെ കാണാതാവുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നു. 2021 നവംബറിലായിരുന്നു തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസിനെ കാണാതായത്. അതേ മാസം തന്നെയാണ് ജെഫ് കൊല്ലപ്പെട്ടത്.















