ന്യൂഡൽഹി: 14 ദിവസത്തെ നീണ്ട വിശ്രമത്തിന് ശേഷം ചന്ദ്രയാൻ-3 ന്റെ ലാൻഡറും റോവറും ഉണരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ സുവേന്ദു പട്‌നായിക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് നിരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ലീപിംഗ് മോഡിലേക്ക് പോയ ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണരുമെന്ന് പൂർണ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്ത ശേഷം കൃത്യമായി 14 ദിവസം പ്രവർത്തിച്ചു. രാത്രിയിൽ ചന്ദ്രന്റെ താപനില മൈനസ് 250 ഡിഗ്രി വരെ താഴുന്നു. അതിനാൽ ലാൻഡറും പ്രഗ്യാനും പകൽ സമയങ്ങളിൽ പ്രവർത്തിച്ചു. ആ സമയത്ത് എല്ലാ വിശദവിവരങ്ങളും വ്യക്തമായി നൽകി. ഇത്രയും വലിയ താപനിലയിൽ ഇലക്ട്രോണിക് ഘടകങ്ങൾ പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചില വിദഗ്ധ ശാസ്ത്രജ്ഞർ ഇത് വീണ്ടും പ്രവർത്തിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നൽകി. അങ്ങനെ വീണ്ടും പ്രവർത്തിക്കുകയാണെങ്കിൽ ശാസ്ത്രലോകത്തിന് അത് അനുഗ്രഹമായിരിക്കും. വീണ്ടും വീണ്ടും പരീക്ഷണങ്ങൾ നടത്താനുള്ള പ്രചോദനമായിരിക്കുമത്’ സുവേന്ദു പട്‌നായിക് പറഞ്ഞു.
ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതോടെ ഇന്ത്യ ചരിത്രനേട്ടമാണ് കൈവരിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും 14 ദിവസത്തോളം ചന്ദ്രോപരിതലത്തിൽ നിന്ന് നിരവധി വിവരങ്ങൾ പങ്കുവെച്ചു. സൾഫറിന്റെയും മറ്റ് ചെറിയ മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തുക, ആപേക്ഷിക താപനില രേഖപ്പെടുത്തുക, ചലനങ്ങൾ ശ്രദ്ധിക്കുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 14-ദിവസത്തിന് ശേഷം സ്ലീപ്പിംഗ് മോഡിൽ നിന്ന് ഉണരുന്ന ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.