കൊച്ചി: ഐഎസ്എല്ലിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കും ആരാധകർക്കും കൈത്താങ്ങുമായി കൊച്ചി മെട്രോ. സർവീസുകൾ രാത്രി 11.30 വരെയാണ് നീട്ടിയത്.
ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11:30-ന് ആയിരിക്കും. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഈ പ്രത്യേക സർവീസ് ഉണ്ടാകുക. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ടാകും.
ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മഴ പെയ്യിച്ചപ്പോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോ ആയിരുന്നു. രാത്രി 10 മണി വരെ 1,17,565 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. 30 അധിക സർവീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
24 തവണയാണ് ഈ വർഷം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസത്തിൽ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91,742 ആണ്. കൊച്ചി മെട്രോയുടെ പേ ആൻഡ് പാർക്ക് സൗകര്യവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു.















