ന്യൂഡൽഹി: ചൈനീസ്-പാക് അതിർത്തികളിൽ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി വ്യോമസേനയ്‌ക്ക് നേത്ര-1 വിമാനങ്ങൾ നൽകും. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരം ആകാശ നിരീക്ഷണം നടത്താൻ സഹായിക്കുമെന്നതാണ് നേത്രയുടെ സവിശേഷത. ബ്രസീലിയൻ എംബ്രയർ എയർക്രാഫ്‌റ്റെന്ന വിമാനത്തെ അടിസ്ഥാനമാക്കി രാജ്യത്ത് തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് നേത്ര-1 എയർബോൺ ഏർളി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത രണ്ട് നേത്ര-1 വിമാനങ്ങൾ നിലവിൽ വ്യോമസേനയ്‌ക്കുണ്ട്. പുതിയ ഉത്തരവിന്റെ ഭാഗമായി ആറ് നേത്ര-1 വിമാനങ്ങൾ കൂടി വ്യോമസേനയ്‌ക്ക് നൽകും. 8,000 കോടിയിലധികം രൂപയുടെ പദ്ധതി പ്രകാരമാണ് ആറ് വിമാനങ്ങൾ കൂടി ലഭ്യമാക്കുന്നത്. എംബ്രയർ ഇആർജെ-145 വിമാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് നേത്ര-1 എയർക്രാഫ്റ്റാക്കി സേനയ്‌ക്ക് കൈമാറുക. 300 കിലോമീറ്ററിലധികം അകലെയുള്ള ശത്രുവിമാനങ്ങളെ കണ്ടെത്തി യുദ്ധമേഖല നിയന്ത്രിക്കാൻ കെൽപ്പുള്ള വിധത്തിലാണ് നേത്ര രൂപകൽപന ചെയ്തിരിക്കുന്നത്.
ഒരു എയർബസ് 330 വിമാനത്തിൽ ആറ് എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) നിർമ്മിക്കാൻ ഡിആർഡിഒ നേരത്തെ പദ്ധതിയിട്ടിരുന്നു. നിലവിൽ നിരീക്ഷണ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നേത്ര-2 പദ്ധതിക്ക് വേണ്ടി എ-321 വിമാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ഡിആർഡിഒ.















