ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ചേർക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും രാജ്നാഥ് സിംഗ് അറിയിച്ചു. എക്സിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
‘രാജ്യ സഭയിൽ വനിതാ സംവരണ ബിൽ പാസാക്കിയതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായമാണ് ചേർത്തിരിക്കുന്നത്. അതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ അഭിനന്ദിക്കുന്നു. ഈ ചുവടുവെപ്പ് സ്ത്രീശാക്തീകരണത്തിന് ഊർജ്ജം പകരുന്നു.’- എന്നായിരുന്നു രാജ് നാഥ് സിംഗ് എക്സിൽ കുറിച്ചത്.
രാജ്യസഭയിൽ 214 വോട്ടുകൾ നേടി ഐകകണ്‌ഠ്യേനയാണ് വനിതാ ബിൽ പാസായത്. ബിൽ ഇനി രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കും.
ബുധനാഴ്ച ലോക്സഭയിൽ പാസായ ബില്ലാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ പരിഗണിക്കപ്പെട്ടത്. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും ബില്ലിനെ എതിർത്ത് വോട്ടുചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി നീക്കി വെക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവിൽ വരുന്നതോടെ ലോക്സഭയിലെ വനിതാ എം.പിമാർക്ക് 33 ശതമാനം സംവരണം ലഭിക്കും. അതായത് ചുരുങ്ങിയത് 181 വനിതാ എംപിമാർ ലോക്‌സഭയിൽ ഉണ്ടാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. വനിതാ സംവരണ ബില്ലിലൂടെ സംസ്ഥാന-ദേശീയ തലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകും.