കോഴിക്കോട്: നിപ ഭീതിയിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആശ്വാസം. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ റിസോർട്ട്, ഹോംസ്റ്റേ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ബുക്കിംഗ് റദ്ദാക്കലുകൾ കുറഞ്ഞു. വരുന്ന ടൂറിസം സീസണിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഓൺലൈൻ പ്രചാരണവും ടൂറിസം വകുപ്പ് ശക്തമാക്കി.
കേരളത്തിൽ നിപ കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി കേരളത്തിലേക്ക് എത്താൻ ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാരികൾ റിസോർട്ട്, ഹോംസ്റ്റേ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ബുക്കിംഗുകൾ റദ്ദാക്കിയത് ടൂറിസം മേഖലയിൽ പ്രതിസന്ധിയുണ്ടാക്കി. എന്നാൽ കഴിഞ്ഞ നാല് ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതായതോടെ ടൂറിസം സെന്ററുകളിലേക്ക് ബുക്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷങ്ങൾ കൂടിയിട്ടുണ്ടെന്നും പുതിയ റദ്ദാക്കലുകൾ കുറഞ്ഞുവെന്നും ടൂറിസം അധികൃതർ അറിയിച്ചു.
വയനാട് ഉൾപ്പെടെയുള്ള ടൂറിസം മേഖലയ്‌ക്കാണ് നിപ്പ ആശങ്കയുയർത്തിയത്. ഇതിനിടെ മലബാർ ടൂറിസം മീറ്റ് മാറ്റിവെയ്‌ക്കുകയും ചെയ്തു. ആശങ്കയൊഴിയുന്ന സാഹചര്യത്തിൽ പൂജ, ദീപാവലി അവധി ദിനങ്ങളിൽ കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.