ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ജഴ്‌സിയണിയുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇനി മിന്നു മണിക്ക് സ്വന്തം. മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- മലേഷ്യ മത്സരത്തിൽ ബൗളിംഗിലോ ബാറ്റിംഗിലോ അവസരം ലഭിച്ചില്ലെങ്കിലും സങ്കടമില്ലെന്നും ടീ ജയിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറിയതിനെക്കാളും അധികം സന്തോഷമാണ് എനിക്ക് ഇപ്പോൾ. ഇനി അടുത്തമത്സരത്തിൽ നോക്കാം – മത്സരശേഷം മിന്നുമണി പറഞ്ഞു. കരിയറിലെ അഞ്ചാം ടി20 മത്സരത്തിനാണ് താരം ഇന്നലെ ഇറങ്ങിയത്.
അതേസമയം ഏഷ്യൻ ഗെയിംസിൽ ഇത് ആദ്യമായാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുക്കുന്നത്. ഏഷ്യൻ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതകളുടെ കന്നി മെഡൽ നേട്ടം ഒരു ജയം അകലെയണ്. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റംകുറിച്ച ഇന്ത്യ മലേഷ്യയെയാണ് ക്വാർട്ടറിൽ മറികടന്നത്. ഒരു പന്തുപോലും എറിയാതെ ഇന്തോനേഷ്യക്കെതിരെ മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന്, രണ്ടുവട്ടം ചാമ്പ്യന്മാരായ പാകിസ്താനും സെമിയിൽ പ്രവേശിച്ചു. 24-നാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ബംഗ്ലാദേശോ ഹോങ്കോംഗോ ആകും എതിരാളികൾ
തുടക്കംമുതൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നെങ്കിലും മലേഷ്യയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് ഇന്ത്യ നേടിയത്. വിജയ ലക്ഷ്യം പിൻതുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ രണ്ട് ബോൾ നേരിട്ടപ്പോഴേക്കും മഴ പെയ്യുകയായിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിച്ചു.
ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 5 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.