ന്യൂഡൽഹി: തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. മന്ത്രിയ്‌ക്കും തമിഴ്നാട് സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. നോട്ടീസ് ലഭിച്ച മറ്റ് 14 പേരില്‍ സിബിഐയും തമിഴ്നാട് പോലീസും ഉള്‍പ്പെടുന്നു. തമിഴ്‌നാട് മന്ത്രി ഉദയനിധി, ഡിഎംകെ നേതാക്കളായ പീറ്റർ അൽഫോൺസ്, എ രാജ, തോൽ തിരുമാവളവൻ എന്നിവർക്കെതിരെയും അവരുടെ അനുയായികൾക്കെതിരെയുമാണ് നോട്ടീസ്.
മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂല സമ്മേളനമാണ് നടത്തിയിരിക്കുന്നത്. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഉദയനിധിയുടെ ഇത്തരത്തിലെ പരാമർശം വൻ വിവാദത്തിനാണ് വഴിയൊരുക്കിയത്.