കാസർകോട്: ജില്ലയിൽ റെയിൽപാളത്തിൽ കുട്ടികൾ കല്ലുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഒരു മാസത്തിനിടയിൽ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പിന്നിൽ പ്രവർത്തിക്കുന്നത് കുട്ടികളായതിനാൽ നടപടിയെടുക്കാൻ ആകാതെ പോലീസ് വിഷമത്തിലായി. ഇത്തവണയും കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
പടന്നക്കാട് റെയിൽ പാളത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയും ചെറിയ ജെല്ലി കല്ല് കണ്ടെടുത്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
റെയിൽവേ പാളത്തിൽ കല്ല് കൊണ്ടുവെച്ചത് ട്രെയിൻ ചക്രങ്ങൾ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണെന്നാണ് കുട്ടികൾ നൽകിയ മൊഴി. ചെറിയ കുട്ടികളായതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം നെല്ലിക്കുന്ന് പള്ളത്തും കളനാടും റെയിൽപാളത്തിൽ കല്ലുകൾ വച്ചത് ചെറിയ കുട്ടികളാണ്. അതുപൊലെ ഇഖ്ബാൽ ഗേറ്റിൽ പന്ത്രണ്ട് വയസുള്ള കുട്ടികളാണ് സമാനമായ പ്രവർത്തി നടത്തിയത്. റെയിൽപാളത്തിന് സമീപത്തുള്ള വീടുകളിൽ ഇതിനുള്ള ബോധവത്ക്കരണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കുട്ടികളാണെന്ന പരിഗണന നൽകില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.