തെന്നിന്ത്യയുടെ പ്രിയ നായികമാരിൽ ഒരാളാണ് തൃഷ. 24 വർഷത്തോളമായി അഭിനയരംഗത്ത് തുടരുന്ന തൃഷയ്‌ക്ക് ഇപ്പോഴും അഭിനയരംഗത്ത് എതിരാളികളില്ലെന്ന് തന്നെ പറയാം. ‘പൊന്നിയിൻ സെൽവന്’ ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വരുന്ന ലിയോ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് താരം. ഇപ്പോഴിതാ ദേശീയ മാദ്ധ്യമങ്ങളിലടക്കം തൃഷയുടെ വിവാഹ വാർത്തകൾ ചർച്ച ചെയ്യപ്പെടുകയാണ്.
തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. മലയാളി സിനിമ നിർമ്മാതാവാണ് തൃഷയുടെ വരൻ എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വാർത്തകളോട് പ്രതികരിച്ച് തൃഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്. ‘ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കൂ’ എന്നാണ് തൃഷ എക്‌സിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗോസിപ്പുകളോട് പ്രതികരിച്ച് നടി രംഗത്തെത്തിയത്. 2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു.