വാഷിംഗ്ടൺ ഡിസി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുന്നതാണെന്നും ഇന്ത്യയേക്കാളുപരി കാനഡയ്ക്കാണ് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരിയെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് സുഹൃദ് രാജ്യങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അമേരിക്ക തീർച്ചയായും ഇന്ത്യയ്ക്കൊപ്പം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. കാനഡയേക്കാൾ സുപ്രധാനമാണ് ഇന്ത്യയുമായുള്ള ബന്ധം. ഭാരതവുമായി ഒരു തർക്കത്തിന് കാനഡ മുതിരുകയെന്നത് ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്നും പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
രണ്ട് സുഹൃത്തുക്കളിൽ ഒരാളെ തിരഞ്ഞെടുക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ആഗ്രഹിക്കുന്നില്ല. പക്ഷെ അത്തരമൊരു സാഹചര്യം വന്നാൽ ഇന്ത്യയെ തിരഞ്ഞെടുക്കും, കാരണം നിജ്ജാർ ഒരു തീവ്രവാദിയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതുമാണ്. കനേഡിയൻ പ്രീമിയർഷിപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികനാൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷം കാനഡയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും മൈക്കൽ റൂബിൻ വ്യക്തമാക്കി.
ഇന്ത്യ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. തന്ത്രപരമായ വിഷയങ്ങളിൽ കാനഡയേക്കാൾ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. പ്രത്യേകിച്ച് ചൈനയുമായും പസഫിക്കിലെ മറ്റ് കാര്യങ്ങളുമായും ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നതിനാൽ- അദ്ദേഹം പറഞ്ഞു. പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ ഇറാൻ, തുർക്കി, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് സ്പെഷ്യലൈസേഷനിലെ മുതിർന്ന പ്രവർത്തകനാണ്.