ലോക പ്രശസ്തമാണ് ഭാരതീയ സംസ്‌കാരവും പൈതൃകവും. ആഗോള ഭൂപടത്തിൽ പോലും ബൃഹത്തായ സ്ഥാനം വഹിക്കുന്നയിടമാണ് കാശി. ശിവ് കി നഗരി (ശിവന്റെ നഗരം) എന്നത് വിശുദ്ധമായ വാരാണസിയുടെ പേരാണ്.
കാശിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ ഉയരാനെരുങ്ങുന്നത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നതോടെ ചരിത്രത്തിലേക്കാകും രാജ്യം നടന്നു നീങ്ങുന്നത്.
450 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്‌റ്റേഡിയം ഭാരതീയ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പ്രദർശിപ്പിക്കുന്ന നിർമിതിയാകുമെന്നതിൽ സംശയമില്ല. ഏകദേശം 30,000 പേർക്ക് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണ ചുമതല എൽ ആന്റ് ഡിയ്‌ക്കാണ്.

പ്രധാനമന്ത്രി ഇന്ന് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് തറക്കല്ലിടും. പണി പൂർത്തിയായി കഴിഞ്ഞുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃക ചിത്രങ്ങൾ നരേന്ദ്ര മോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തരംഗമായി പ്രചരിക്കുകയാണ് ചിത്രങ്ങൾ.
സ്റ്റേഡിയത്തിന്റെ മുൻഭാഗം കാശിയെയും പരമശിവനെയും അനുസ്മരിപ്പിക്കും വിധമാകും. ശിവനെ കിരീടമണിയ്‌ക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ള തരത്തിലാകും മേൽക്കൂരയുടെ നിർമ്മാണം.
ഫ്ളഡ്ലൈറ്റുകളുടെ കാലുകൾക്ക് ത്രിശൂലത്തിന്റെ മാതൃക നൽകും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയിൽ ഒരുക്കും.
പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളിൽ ബിൽവ പത്രയുടെ കൂറ്റൻ രൂപങ്ങൾ സ്ഥാപിക്കും.















