എറണാകുളം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്‌സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വസ്തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരധികളെ സംരക്ഷിക്കുന്നതും പ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കുടുംബകോടതികളിൽ കുട്ടികളുടെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിക്കുന്ന നിരവധി കേസുകളുണ്ടെന്ന് ഹൈക്കോടതി മറ്റൊരു വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യത്തിന് വിലക്കേർപ്പെടുത്തിയാൽ അത് നീതി നിഷേധമാകുമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.















