കോട്ടയം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരിൽ നടക്കും. സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് പഠനശിബിരം നടക്കുക. ഗുരുകുല സമ്പ്രദായത്തിൽ നടക്കുന്ന പഠനശിബിരത്തിൽ സനാതന ധർമ്മം, ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾ, ക്ഷേത്ര ശാസ്ത്ര വിഷയങ്ങൾ, വേദം, ഉപനിഷത്ത് പരിചയം, കുടുംബ സങ്കല്പം, വ്രതാനുഷ്ഠാനങ്ങൾ, ഭാരത പരിചയം, കേരള നവോത്ഥാന നായകരും നവോത്ഥാന പ്രവർത്തനങ്ങളും, യോഗ, സംഘടന തുടങ്ങി അനേക വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കുമെന്ന് സമിതി സംസ്ഥാന അദ്ധ്യഷൻ എം മോഹനൻ അറിയിച്ചു.
സെപ്റ്റംബർ-25ന് രാവിലെ 10മണിക്ക് അഖിലഭാരത അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷനും യോഗക്ഷേമസഭ അദ്ധ്യക്ഷനും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്‌മശ്രീ കാളിദാസ ഭട്ടതിരിപ്പാട് ശിബിരം ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഡോക്ടർ കെ.എസ്. രാധാകൃഷ്ണൻ, എം. ജി. ശശിഭൂഷൻ, കാരുമാത്ര വിജയൻ തന്ത്രി, പി.വി വിശ്വനാഥൻ നമ്പൂതിരി, അഡ്വ. ശങ്കു.ടി. ദാസ്, ഡോ. എ. രാധാകൃഷ്ണൻ, പറവൂർ ജ്യോതിസ്, കക്കാട് എഴുത്തോലി മഠം സതീശൻ ഭട്ടതിരിപ്പാട്, എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ, കെ.കെ വാമനൻ, ഡോ. എം.വി. നടേശൻ, ഡോ. വിജയരാഘവൻ, ശരത് എടത്തിൽ, എസ്.ജെ.ആർ.കുമാർ, കാ.ഭാ. സുരേന്ദ്രൻ, വി.കെ. വിശ്വനാഥൻ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠന്മാർ ശിബിരത്തിൽ ക്ലാസുകൾ നയിക്കും. സനാതന ധർമ്മ ക്ഷേത്ര ശാസ്ത്ര വിഷയങ്ങളിൽ തൽപ്പരരായിട്ടുള്ള ഹൈന്ദവ യുവതി യുവാക്കന്മാരെയും സമിതി പ്രവർത്തകരോടൊപ്പം ഈ ശിബിരത്തിൽ പങ്കെടുപ്പിക്കും.















