സാനന്ദ്: വരുന്ന ആറ് മാസത്തിനുള്ളിൽ അഹമ്മദാബാദിനും സാനന്ദിനുമിടയിൽ ഹൈ സ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സാനന്ദിൽ സെമികണ്ടക്ടർ കമ്പനിയായ മൈക്രോണിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ വന്ദേഭാരത് എക്‌സ്പ്രസിന് വിരാമം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 24-ന് പ്രധാനമന്ത്രി ജാംനഗർ-അഹമ്മദാബാദ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. വരും വർഷങ്ങളിൽ സെമികണ്ടക്ടറുകളുടെ ആവശ്യം അഞ്ച് ലക്ഷം കോടി രൂപയായി ഉയരും. ഇന്ത്യയിൽ നിർമ്മിച്ചതും രൂപകൽപ്പന ചെയ്തതുമായ സെമികണ്ടക്ടറുകൾ ഉപയോഗിച്ച് രാജ്യത്തെ പുരോഗതിയിൽ എത്തിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.
സെമികണ്ടക്ടർ മേഖലയിൽ ഗുജറാത്ത് മുന്നിലാണെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.ഏകദേശം 22,540 കോടി രൂപ നിക്ഷേപം ഉൾക്കൊള്ളുന്ന സെമികണ്ടക്ടർ പ്രോജക്ട് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് മൈക്രോൺ ഈ കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.