ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുകയാണെന്നും റായ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ മാണ്ഡവ്യ വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം രാജ്യസഭയിലും ലോക്‌സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം പ്രധാനമന്ത്രി നരന്ദ്രമോദി നേടിക്കൊടുത്തു. ഞാൻ റായ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയ സ്ത്രീകൾ എന്നോട് പറഞ്ഞു, തങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രിയോട് നന്ദി അറിയിക്കണമെന്ന്- മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ലോക്സഭയിലും രാജ്യസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബില്ല് പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് വനിതാ എംപിമാർ രംഗത്തെത്തിയിരുന്നു. ഇരുസഭകളിലെയും അംഗങ്ങളായ പി ടി ഉഷ, കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖി, സ്മൃതി ഇറാനി തുടങ്ങിയവർ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു.















