പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകളുടെ ഉന്നമനത്തിനായുളള പുതുവഴികൾ തെളിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തെ നിയമനിർമ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്യുന്ന സമഗ്രകാഴ്ചപ്പാടുള്ള നിയമമാണ് നാരീശക്തി വന്ദൻ അധീനമെന്ന് അദ്ദേഹം പറഞ്ഞു. വരാണസിയിൽ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാണി ലക്ഷ്മി ഭായിയെപ്പോലുള്ള പോരാളികളുടെ ജന്മസ്ഥലമാണ് വരാണസി. സ്വാതന്ത്ര്യ സമരത്തിലെ റാണി ലക്ഷ്മി ബായി മുതൽ ചന്ദ്രയാൻ 3ലെ സ്ത്രീകൾ വരെയുള്ളവർ
സുപ്രാധന ഘട്ടങ്ങളിൽ രാജ്യത്തിന്റെ നേതൃത്വം വഹിച്ചു. വനിതാ സംവരണ ബിൽ 30 വർഷമായി പാസാക്കാതെ തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായി. മുൻപ് ബില്ലിനെ എതിർത്തിരുന്നവർ പോലും നാരീ ശക്തി വന്ദൻ അധീനിയത്തെ പിന്തുണച്ചു. ഇതിന് പിന്നിൽ രാജ്യത്തെ സ്ത്രീകളുടെ ശക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2 ലക്ഷത്തിലധികം സ്ത്രീകൾക്കാണ് വരാണസിയിൽ ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിച്ചതെന്നും സിലിണ്ടറിന് 400 രൂപയുടെ സബ്സിഡിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണസിയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 75000 വീടുകളാണ് നിർമ്മിച്ച് നൽകിയിയത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുരുഷന്മാരുടെ പേരിൽ സ്വത്ത് സമ്പാദിക്കുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. എന്നാൽ ബിജെപി ഇതിന് ഒരു മാറ്റം കൊണ്ടുവന്നു. ഇന്ന് കാശിയിൽ ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തമായി വീടുണ്ട്. വിവിധ മേഖലകളിൽ സ്ത്രീകളുടെ പ്രവർത്തനം നമ്മേ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.















