ഡൽഹി: സ്ത്രീ ശാക്തീകരണം ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മേ രാംവംശി ഹൂ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
നമ്മുടെ പുരാതന ചരിത്രത്തിൽ സ്ത്രീ സമത്വം കാണാൻ കഴിയുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്് അതിനാലാണ് വനിതാ സംവരണ ബിൽ പാസായതെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കിയതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായമാണ് ചേർത്തിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് മുമ്പ് പറഞ്ഞിരുന്നു.
ലോക്‌സഭയിൽ പാസായ ബിൽ ഇക്കഴിഞ്ഞ ദിവസം രാജ്യ സഭയിലും പാസായി. രണ്ടു വോട്ടുകൾക്കെതിരെ 454 വോട്ടുകൾ നേടിയാണ് ബിൽ ലോക്‌സഭയിൽ പാസായത്. പിന്നാലെ 214 വോട്ടുകൾ നേടി ഐകകണ്ഠ്യേന ബിൽ രാജ്യസഭയിലും പാസായി. ഇനി ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കും.