ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഉന്നതല സമിതിയുടെ ആദ്യ യോഗം അദ്ധ്യക്ഷന്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിനന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്നു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. അഭിഭാഷകന്‍ ഹരീഷ് സാല്‍വെ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരടക്കമുള്ള ആദ്യ യോഗത്തിനെത്തി. അതേസമയം കോണ്‍ഗ്രസ് പ്രതിനിധി അധീര്‍ രഞ്ജന്‍ ചൗധരി വിട്ടുനിന്നു.യോഗത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ചൂണ്ടികാണിച്ച് അമിത് ഷായ്‌ക്ക് ചൗധരി കത്തയച്ചിരുന്നു.
‘രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍/കാഴ്ചപ്പാടുകള്‍ തേടുന്നതിന് അംഗീകൃത ദേശീയ പാര്‍ട്ടികള്‍, സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുള്ള പാര്‍ട്ടികള്‍, പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധികള്‍ ഉള്ളവര്‍, മറ്റ് അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ എന്നിവയെ ക്ഷണിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു’ ഉന്നത തല സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.ലോക്സഭ, സംസ്ഥാന അസംബ്ലികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം ശുപാര്‍ശകള്‍ നല്‍കാന്‍ സെപ്റ്റംബര്‍ 2ന് സര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്.