മുംബൈ: ഇന്ത്യൻ ക്ലാസിക്ക്, രാമായണം അക്ഷരങ്ങൾക്കപ്പുറം ദേശീയധാരയുടെയും ഭാരത പൈതൃകത്തിന്റെയും ഉജ്ജ്വല ഉദാഹരണം കൂടിയാണ്. എത്ര അറിഞ്ഞാലും അവസാനിക്കാത്ത അനുഭൂതിയാണ് രാമായണം. വായിക്കും തോറും പുത്തൻ അനുഭവം പ്രദാനം ചെയ്യുന്ന ഇതിഹാസം നിരവധി അനവധി ലിഖിത അലിഖിത മാർഗത്തിലൂടെ സഞ്ചരിക്കുന്നു.
രാമായണം, കഥയായും കവിതയായും ദേശീയ അന്തർദേശിയ സാഹിത്യമേഖലകളെ അനുദിനം അന്വഹം സ്വാധീനിക്കുന്നുണ്ട്. രാമായണത്തിന്റെ അന്താരാർത്ഥങ്ങളെ എല്ലാവരിലും എത്തിക്കാൻ നിരവധി ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുള്ള ഏറ്റവും പുത്തൻ ശ്രമമാണ് ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’ എന്ന പേരിൽ പുറത്തിറങ്ങുന്ന ആനിമേറ്റഡ് പരമ്പര. അതിമനോഹരമായ 70 -ലധികം ഭാഗങ്ങളാണ് ഇതിലുള്ളത്.
ആനിമേഷൻ രംഗത്തെ ഭീമന്മാരായ ജുംബയയാണ് സീരീസ് എത്തിക്കുന്നത്. വിദ്യാഭ്യാസ വിനോദ രംഗത്തെ അതികായന്മാരും കൂടിയാണ് ജുംബായ. 6-14 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലേക്ക് ഇതിഹാസത്തിന്റെ മാധുര്യം പകരാനാണ് പരമ്പര ലക്ഷ്യമിടുന്നത്. എട്ട് മാസത്തെ വിപുലമായ ഗവേഷണത്തിന് ശേഷമാണ് വാല്മീകിയുടെ രാമായണത്തിന്റെ ആധികാരികമായ അവതരണത്തിലേക്ക് ജുംബായ എത്തിയത്. 6 മുതൽ 10 മിനിറ്റ് ദൈർഘ്യമുള്ളവയാണ് ഓരോ എപ്പിസോഡും. മാതാപിതാക്കൾക്ക് സംസ്‌കാരത്തിന്റെ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ ഇത് സഹായിക്കും. സാങ്കേതിക വിദ്യയുടെ കരങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഇതിഹാസങ്ങളെയും പുരാണങ്ങളെയും കുട്ടികളിൽ പ്രതിഫലിക്കുന്ന തരത്തിൽ നൽകാനും മാതാപിതാക്കൾക്ക് അവസരമൊരുക്കുന്നു.















