ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ. 400 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ-ഓസ്ട്രേലിയക്ക് മുന്നിൽ വച്ചത്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് വിട്ട തീരുമാനം തെറ്റിപ്പോയെന്ന് ആദ്യ ഓവറുകളിൽ തന്നെ മനസ്സിലാക്കി. ഓപ്പണർ ഋതുരാജ് തുടക്കത്തിലെ വീണെങ്കിലും ഗില്ലിന് കൂട്ടായി എത്തിയ ശ്രേയസ് അയ്യർ അടിച്ചു തകർത്തതോടെ സ്കോർബോർഡ് കുതിച്ചു. ഗ്രൗണ്ടിൽ നാലുപാടും ബൗണ്ടറികൾ ചിതറി. എറിയാനെത്തിയവരെല്ലാം കണക്കിന് തല്ലു വാങ്ങി. 86 പന്തുകളിൽ നിന്ന് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത് ശ്രേയസ് ആയിരുന്നു. 11 ഫോറും 3 സിക്സും ഉൾപ്പെടെയായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഗിൽ തന്റെ കരിയറിലെ ആറാം സെഞ്ച്വറി തികച്ചത് 96 പന്തിൽ നിന്നാണ്.
ഇരുവരും പുറത്തായ ശേഷം ഏറ്റവും അപകടകാരി ആയത് സൂര്യകുമാർ യാദവായിരുന്നു. ക്യാപ്റ്റൻ രാഹുലും അർദ്ധ ശതകത്തോടെ തന്റെ ഫോം വീണ്ടും തുടർന്നു. 38 പന്തിൽ 52 റൺസെടുത്ത രാഹുൽ ഗ്രീനിന്റെ പന്തിൽ പുറത്തായി. 50 ഓവറുകൾ പൂർത്തിയാക്കിയപ്പോൾ 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു 400 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ ഉയർത്തിയത്. ഓസീസിന് വേണ്ടി ഗ്രീൻ 2 വിക്കറ്റും, ഹേസ്വൽവുഡ്, സാംപ, സീൻ അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സൂര്യകുമാർ യാദവ് 36 പന്തിൽ 71 റൺസെടുത്തും ജഡേജ 9 പന്തിൽ 13 റൺസെടുത്തും പുറത്താവാതെ നിന്നു.