ന്യൂഡല്‍ഹി : മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി ഇക്കുറി പരിചയപ്പെടുത്തിയത് ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്ന കസാന്ദ്ര മേ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയെയാണ് . അന്ധയായ ഈ ഗായിക മനോഹരമായി ഭാരതീയ ശാസ്ത്രീയ സംഗീതം പാടുമെന്ന് മേ ആലപിച്ച ഒരു ഗാനം പങ്കുവെച്ചുകൊണ്ട് മോദി പറഞ്ഞു.
മഹാവിഷ്ണുവിനെ സ്തുതിക്കുന്ന സംസ്കൃത ശ്ലോകവും , കന്നഡ ഗാനവുമാണ് കസാന്ദ്രയുടേതായി മോദി പങ്ക് വച്ചത് .കന്നഡ, സംസ്‌കൃതം ഭാഷകൾക്ക് പുറമേ ഹിന്ദി, മലയാളം, തമിഴ്, ഉറുദു, ആസാമീസ്, ബംഗാളി തുടങ്ങിയ ഭാഷകളിലും കസാന്ദ്ര പ്രാവീണ്യം നേടിയിട്ടുണ്ട്.
” മധുരമായ ശബ്ദം… ഓരോ വാക്കിലും പ്രതിഫലിക്കുന്ന വികാരങ്ങളിലൂടെ, ദൈവത്തോടുള്ള അവരുടെ സ്നേഹം നമുക്ക് അനുഭവിക്കാൻ കഴിയും, ഈ സ്വരമാധുര്യമുള്ള ശബ്ദം ജർമ്മനിയിൽ നിന്നുള്ള ഒരു മകളുടേതാണെന്ന് ഞാൻ വെളിപ്പെടുത്തിയാൽ, ഒരുപക്ഷേ നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെടും! ഈ മകളുടെ പേര് – കസാന്ദ്ര മേ സ്പിറ്റ്മാൻ.” മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സംസ്കാരവും സംഗീതവും ഇപ്പോൾ ആഗോളമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ആകർഷണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. സ്പിറ്റ്മാന്റെ ശ്രമങ്ങൾ ഓരോ ഇന്ത്യക്കാരനെയും ആകർഷിക്കുമെന്നും മോദി പറഞ്ഞു.