എറണാകുളം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. നേരത്തെ എം കെ കണ്ണൻ പ്രസിഡന്റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം എംകെ കണ്ണനെ ഇഡി വിളിച്ചുവരുത്തിരുന്നു. എംകെ കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു അന്ന് ഇഡി പരിശോധന നടത്തിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുള്ളതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ സതീഷ് കുമാറിന് തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലൂടെ കളളപ്പണം വെളുപ്പിക്കാൻ എംകെ കണ്ണൻ കൂട്ടുനിന്നോയെന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്‌കുമാറുമായി വർഷങ്ങളായുള്ള പരിചയമെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും എം കെ കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.















