ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന ബസിന്റെ ഫ്‌ളാഗ് ഓഫ് പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നിർവഹിച്ചു. ഗതാഗതരംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഫ്യുവൽ സെലിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജൻ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ആഗോള ചാമ്പ്യനാകാൻ ഭാരതം ഒരുങ്ങുകയാണ്. ഹൈഡ്രജന്റെ ആഗോള ആവശ്യം 2050-ഓടെ ഏഴ് ഇരട്ടിയായി 500-800 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വശ്യം നാലിരട്ടി വർദ്ധിച്ച് 6 ദശലക്ഷം ടണ്ണിൽ നിന്ന് 28 ദശലക്ഷം ടണ്ണായി ഉയരുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ടാറ്റ മോട്ടോഴ്‌സും സംയുക്തമായാണ് ബസുകളിലേക്കാവശ്യമായ ഇന്ധന സെൽ വികസിപ്പിച്ചത്.
പുനരുപയോഗ ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജനാണ് ബസുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയിൽ പ്രവർത്തിപ്പിക്കുന്ന 15 ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കുക. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ പവർത്തിക്കുന്നുണ്ട്. ഡൽഹി, ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണ സർവീസ് നടത്തുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫരീദാബാദിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കാമ്പസിൽ ഇന്ധനം നിറയ്‌ക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണത്തിലൂടെയാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 3 ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലേയളവ്. ഡീസൽ ബസുകൾക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. എന്നാൽ ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധനക്ഷമത ഏകദേശം 12 കിലോമീറ്ററാണ്.















