ഹാങ്‌ചോ: അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപ്പറ്റിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം. ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിലാണ് വനിതകളുടെ ഈ നേട്ടം. 19 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണ് ഇത്.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടൈറ്റസ് സന്ധുവാണ് ശ്രീലങ്കയെ തകർത്തത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീണതോടെ അവർ സമ്മർദ്ദത്തിലാവുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും അവർക്ക് തിരിച്ചു വരാനായില്ല. രാജേശ്വരി ഗെയ്ക്വാദ് രണ്ടുവിക്കറ്റോടെ സന്ധുവിന് അകമഴിഞ്ഞ പിന്തുണ നൽകി. പൂജ വസ്ത്രകർ, ദീപ്തി ശർമ്മ, ദേവിക വൈദ്യ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കം തിരിച്ചടിയോടെയായിരുന്നു. 4-ാം ഓവറിൽ ഷഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്താണ് താരത്തെ സുഗന്ധിക കുമാറാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. ടീം സ്‌കോർ 89-ൽ നിൽക്കേ 46 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകർ(2) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. 42 റൺസെടുത്ത ജെമീമ റോഡ്രിഗസാണ് സ്മൃതി മന്ദാനക്കൊപ്പം ഇന്ത്യൻ നിരയിൽ തിളങ്ങിയ താരം. ചമരി അട്ടപ്പട്ടു, ഇനോക റണവീര, ഉദ്ദേശിക പ്രബോധനി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി.















