ഭോപ്പാൽ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുകയും അഴിമതി നിറഞ്ഞ വ്യവസ്ഥയെ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭോപ്പാലിലെ കാര്യകർത്താ മഹാസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസിന് അധികാരത്തിലെത്താൻ അവസരം ലഭിച്ചാൽ സംസ്ഥാനത്തിന് അത് വലിയ നഷ്ടമായിരിക്കും. അവർക്ക് രാജ്യത്തിന്റെ താത്പ്പര്യം കാണാനോ മനസിലാക്കാനോ ഉള്ള കഴിവില്ല. കോൺഗ്രസ് ഒരിക്കലും മാറാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കോൺഗ്രസിന് ദഹിക്കുന്നില്ല. രാജ്യം വികസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അവർ ഒരിക്കലും രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നില്ല’പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഡിജിറ്റൽ പേയ്‌മെന്റിനെ കോൺഗ്രസ് എതിർത്തു. എന്നാൽ എന്താണ് സംഭവിച്ചത്.. ലോകം തന്നെ യുപിഐയിൽ മതിപ്പുളവാക്കുകയാണ്. മഴ നനഞ്ഞാൽ തുരുമ്പെടുക്കുന്ന ഇരുമ്പ് പോലെയാണ് കോൺഗ്രസ്. വരും വർഷങ്ങൾ മദ്ധ്യപ്രദേശിന് നിർണായകമാണ്. മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ 20 വർഷം പൂർത്തിയാക്കി. കോൺഗ്രസ് സർക്കാരിന്റെ ദുർഭരണം കണ്ടിട്ടില്ലാത്ത യുവാക്കൾ ഭാഗ്യവാന്മാരാണ്. പുതിയ ഊർജത്തോടെ സംസ്ഥാനത്തെ പുതിയ തലത്തിലെത്തിക്കാൻ ബിജെപി അക്ഷീണം പ്രയത്‌നിച്ചു. ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മികച്ച ഭരണവും ഇവിടുത്തെ യുവാക്കൾ കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ എപ്പോഴും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.