സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തുന്ന മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ റിലീസ് തിയതി പ്രഖ്യാപിച്ചു. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം എപ്പോള്‍ തിയേറ്ററിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തും. പോലീസ് വാഹനത്തില്‍ നിന്നും കൈയ്യിലൊരു തോക്കുമായി ഇറങ്ങി ഓടിവരുന്ന ജയറാമിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ റിലീസ് പ്രഖ്യാപിച്ചത്. ഒരു ക്രൈം ത്രില്ലര്‍ സിനിമയായാണ് ഓസ്‍ലര്‍ എത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകൾ അണിയറക്കാർ മുൻപ് നൽകിയിരുന്നു.

അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഒസ്‍ലറിനുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‍ലറും ത്രില്ലര്‍ ആണ്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ഇത് യാഥാര്‍ഥ്യമെങ്കില്‍ ചിത്രത്തിന്റെ മൂല്യമുയര്‍ത്തുന്ന ഘടകമായിരിക്കും അത്.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
രചന – ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്.















