ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ റോസ്ഗർ മേളയുടെ ഭാഗമായി 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൈമാറും. വീഡിയോ കോൺഫറസിംഗ് മുഖേനയാണ് നിയമന കത്തുകൾ ഉദ്യോഗാർത്ഥികൾക്ക് കൈമാറുന്നത്. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് റോസ്ഗർ മേള നടക്കുന്നത്.
രാജ്യത്തെ 10 ലക്ഷം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് റോസ്ഗർ മേള. തപാൽ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്, ആണവോർജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് നിയമന കത്തുകൾ കൈമാറുന്നത്.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പൂർത്തീകരിക്കുന്നതിനുള്ള ചുവടുവെപ്പാണിത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാരുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിവിധ വകുപ്പുകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും യുവാക്കളുടെ സാമ്പത്തിക ഉന്നമനത്തിനും റോസ്ഗർ മേള സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.