എറണാകുളം: കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണി ( 32) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പിടിയിലായി.
രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്‌ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവം നടന്ന ഉടൻ അയൽക്കാർ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ശേഷം സമീപത്തുള്ള സ്വന്തം വീട്ടിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച സോണിയെ മഹേഷ് വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.