തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിലെ പുതിയ പോലീസ് സ്റ്റേഷന്റെ നിർമ്മാണത്തിൽ അനാസ്ഥയെന്ന് ആരോപണം. 2020-21 ബജറ്റിൽ സ്റ്റേഷൻ പണിയാൻ രണ്ടര കോടി രൂപ അനുവദിച്ചെങ്കിലും ആഭ്യന്തര വകുപ്പ്, റവന്യൂ വകുപ്പിനോട് സ്ഥലം വിട്ടു കിട്ടാൻ അപേക്ഷ നൽകാൻ തയ്യാറാകാത്തതാണ് സ്റ്റേഷൻ നിർമ്മാണം വൈകാൻ കാരണം.
രണ്ടര കോടി രൂപ ചിലവിൽ പെരിങ്ങോട്ടുകരയിൽ സ്റ്റേഷൻ കെട്ടിടം പണിയാൻ ഒരുവർഷം മുൻപ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും എസ്.പി ഓഫീസിൽ നിന്നും കളക്ടർക്ക് അപേക്ഷ നൽകാൻ ഇതുവരെ തയ്യാറാകാത്തതാണ് നിർമാണം ആരംഭിക്കാൻ വൈകുന്നതെന്നാണ് ഉയരുന്ന ആരോപണം.
അന്തിക്കാട് പോലീസിന് ക്രമസമാധാന പാലനം കൈപ്പിടിയിൽ ഒതുങ്ങാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികൾ അടക്കം സ്റ്റേഷൻ വിഭജിച്ച് ചാഴൂർ, താന്ന്യം മേഖലകൾക്കായി പുതിയ പോലീസ് സ്റ്റേഷൻ വേണമെന്ന് തീരുമാനിച്ചത്. പെരിങ്ങോട്ടുകരയിലെ പോലീസ് ഔട്ട് പോസ്റ്റ് നിൽക്കുന്ന സ്ഥലമാണ് നിർദ്ദിഷ്ട പോലീസ് സ്റ്റേഷൻ പണിയാൻ കണ്ടെത്തിയത്.
റവന്യൂ പുറമ്പോക്ക് ഭൂമിയായ സ്ഥലം വിട്ടുകിട്ടണമെങ്കിൽ എസ്.പിയുടെ ഓഫീസിൽ നിന്ന് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷ കിട്ടിയാൽ ഉടൻ അനുമതിയോടെ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാം. എന്നാൽ ഒരു വർഷമായിട്ടും അപേക്ഷ നൽകാൻ തയ്യാറാകാത്തതോടെയാണ് എംഎൽഎ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
സംസ്ഥാനത്തെ നാലാമത്തെ സ്റ്റേഷനായി നിർമ്മിക്കാൻ അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പോലീസിലെ ഉന്നതരുടെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്‌നങ്ങൾക്ക് വിലങ്ങു തടിയാകുന്നത്. ഇനിയും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലായെങ്കിൽ പ്രതിഷധവുമായി മുന്നോട്ട് പോവാനാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും തീരുമാനം.















