ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയുടെ ഉച്ചസ്ഥായിലാണ് ശാസ്ത്രലോകം. ലാൻഡറും റോവറും സ്ലീപ് മോഡിൽ സജ്ജമാക്കിയതിന് ശേഷം ഇരുവരെയും ഉണർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉപകരണങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർ നിരന്തര പരിശ്രമങ്ങളാണ് നടത്തുന്നത്. നിദ്രയിൽ നിന്ന് റോവറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ഇസ്രോ മുൻ ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ മയിൽസ്വാമി അണ്ണാദുരൈ.
റോവറിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും എന്നാൽ ലാൻഡറിന്റെ പ്രവർത്തനം എപ്രകാരം ആയിരിക്കുമെന്ന് കണ്ടറിയണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലാൻഡറിന്റെയും റോവറിന്റെയും പുനരുജ്ജീവനം ഓട്ടോമാറ്റിക് പ്രക്രിയയാണെന്നും ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്നതല്ലെന്നും സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ നിലേഷ് എം ദേശായി വ്യക്തമാക്കി. സൗരോർജ്ജത്തിലാണ് പേടകം പ്രവർത്തിക്കുന്നത്. വെയിൽ ഉച്ചസ്ഥായിലെത്തിയാൽ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകുമെന്നാണ് വിലയിരുത്തൽ. ബാറ്ററികൾ പൂർണമായും ചാർജ് ചെയ്താൽ സിഗ്നലുകൾ ഭൂമിയിലേക്ക് അയക്കും. നിലവിൽ ചാർജ് ചെയ്യപ്പെട്ടു തുടങ്ങാനാണ് സാധ്യത.പൂർണമായി ചാർജ് ചെയ്യപ്പെട്ട് സിഗ്നൽ ഭൂമിയിലെത്തിച്ചാൽ മാത്രമാകും ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ ലഭ്യമാകൂ.
50-50 സാധ്യതയാണ് ഇതിനായി പ്രവചിക്കപ്പെടുന്നത്. തണുത്തുറഞ്ഞ താപനിലയിൽ മാറ്റം വന്നാൽ പേടകം വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യതയോളം തന്നെയാണ് പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യതയും. ചന്ദ്രയാൻ-3 ഇതിനോടകം തന്നെ അതിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും ദേശായി പറഞ്ഞു.















