ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ഒന്നാം നിലയിലെ തൂണുകളുടെ നിർമ്മാണം 50 ശതമാനം പൂർത്തിയായി. ഡിസംബറിൽ തന്നെ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും. നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ ക്ഷേത്രം തുറന്നുനൽകുമെന്നും ട്രസ്റ്റ് അറിയിച്ചു.
2024 ജനുവരി 21-23 തീയതികളിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് നേരത്തെ ട്രസ്റ്റ് അറിയിച്ചിരുന്നത്. 136 സനാതന പാരമ്പര്യങ്ങളിൽ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ട്രസ്റ്റ് ഇന്ന് പുറത്ത് വിട്ട ചിത്രങ്ങൾ കാണാം.
ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ഉണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മാസവും അയോദ്ധ്യയിലെത്തി ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്താറുണ്ട്. അയോദ്ധ്യാ രാമജന്മഭൂമിയിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത് ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്.
ലോകമെമ്പാടുമുള്ള രാമഭക്തർ കാത്തിരിക്കുന്ന ചടങ്ങിൽ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതനേതാക്കളെ കൂടാതെ 160 രാജ്യങ്ങളിലെ പ്രത്യേക അതിഥികൾക്കും ക്ഷണക്കത്തുക്കൾ അയക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.