ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളിൽ അധികവും ഇന്ന് യുപിഐ സംവിധാനത്തിലൂടെയാണ് ഇടപാടുകൾ നടത്തുന്നത്. സമയ ലാഭം എന്നതിനാൽ തന്നെ ഇത് കൂടുതൽ ജനപ്രിയമായി. യുപിഐ ഇടപാടുകൾ നിലവിൽ വന്നതോടെ ഇതിൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ ഏതൊരു കാര്യത്തിനും ഇടപാട് നടത്താം എന്നത് പോലെ തന്നെ വായ്പ എടുക്കാനുള്ള സൗകര്യവും എത്തിയിരിക്കുകയാണ്.
ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ആപ്പിൽ നിന്നും വായ്പ എടുക്കാൻ സാധിക്കും. ഗൂഗിൾ പേ മുഖേന സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡിഎംഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്. മൊബൈൽ വഴി ഗൂഗിൾ പേയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വായ്പയ്‌ക്കായുള്ള അപേക്ഷ പൂർത്തിയാക്കാൻ സാധിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാകും ലഭിക്കുക. മാനദണ്ഡങ്ങൾ അനുസരിച്ച് അർഹതയുള്ള ഉപയോക്താക്കൾക്കായിരിക്കും വായ്പാ തുക ലഭിക്കുക.
അപേക്ഷകരുടെ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമാകും വായ്പ അനുവദിക്കുന്നത്. പരിശോധനയിൽ യോഗ്യരെന്ന് തെളിഞ്ഞാൽ ഒരു ലക്ഷം രൂപ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. 36 മാസത്തിനുള്ളിലാണ് പണം തിരിച്ചടയ്‌ക്കേണ്ടത്. ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ളവരാകും വായ്പയ്‌ക്ക് അർഹതയുള്ളത്.