സാങ്കേതിക വിദ്യ മനുഷ്യനെ അനുദിനം അത്ഭുതപ്പെടുത്തുകയാണ്. അസാധ്യമായ പലതും ഇന്ന് സാധ്യമാക്കാൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയും. ആരോഗ്യ പരിചരണത്തിലും രോഗപ്രതിരോധത്തിലും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വെളിപ്പെടുത്തുകയാണ് ഏറ്റവും പുത്തൻ പഠനം. സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ച് ശരീര താപനില തുടർച്ചയായി രേഖപ്പെടുത്തുന്നത് ഭാവിയിൽ വരാവുന്ന രോഗങ്ങളെ കുറിച്ച് സൂചന നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രമേഹം, ഹൈപ്പർടെൻഷൻ, കരൾ, വൃക്ക രോഗം എന്നിങ്ങനെ പല തരം രോഗങ്ങളുടെ മുന്നറിയിപ്പ് സൂചനയായി കൈത്തണ്ടയിലെ താപനിലയെ ഉപയോഗപ്പെടുത്താനാകുമെന്ന് പഠനത്തിൽ പറയുന്നു. പെറൽമാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ബ്രിട്ടണിൽ ഏകദേശം 90,000 പേരുടെ ശരീപതാപനില ഒരാഴ്ചയോളം ശേഖരിച്ചാണ് പഠനം നടത്തിയത്. ദൈനംദിന പ്രവർത്തനങ്ങൾ, ഉറക്കം തുടങ്ങിയ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഇവരുടെ കൈത്തണ്ടയിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകളും ഗവേഷകർ രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ രേഖപ്പെടുത്തുന്ന പ്രക്രിയായ സിർക്കാർഡിയൽ റിഥത്തിന് അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങളും ഗവേഷകർ നിരീക്ഷിച്ചു. പരിസ്ഥിതിയിലെ മാറ്റങ്ങൾ മൂലമുള്ള താപനില വ്യതിയാനങ്ങളും രാത്രിയിൽ ഉറങ്ങുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളും സംഘം പഠിച്ചു.
കൈത്തണ്ടയിലെ താപനിലയിൽ കുറഞ്ഞ വ്യത്യാസം കണ്ടെത്തിയവർക്ക് ഭാവിയിൽ പല മാറാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് താപനിലയിലെ മാറ്റം കണക്കാക്കിയത്. ഇത്തരക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത 91 ശതമാനം അധികമാണ്. ടൈപ്പ്-2 പ്രമേഹ സാധ്യത 69 ശതമാനവും വൃക്ക സ്തംഭന സാധ്യത 25 ശതമാനവും ഹൈപ്പർ ടെൻഷൻ സാധ്യത 23 ശതമാനവും ന്യൂമോണിയ സാധ്യത 22 ശതമാനവും ഇവർക്ക് അധികമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിന്റെ സിർകാർഡിയൻ താളത്തെ ബാധിക്കാത്ത വിധത്തിലുള്ള ശീലങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പഠനത്തിൽ പറയുന്നു. ദിവസവും ഒരേ സമയത്ത് ഉറങ്ങി ഒരേ സമയത്ത് എഴുന്നേൽക്കുന്നത് പോലെയുള്ള ശീലങ്ങൾ വളരെ ഉപകാരപ്രദമാണ്.