ഒട്ടാവ: കനേഡിയൻ പൊതുസഭ സ്പീക്കർ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ആന്തൊണി റോട്ട. അതിനാൽ തന്നെ റോട്ടയുടെ രാജി ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ സഭയിൽ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കർ ആന്തൊണി റോട്ടയുടെ വിവാദ പരാമർശം. യുക്രെയ്‌നിൽ നിന്നുള്ള മുൻ നാസി പട്ടാളക്കാരനെയായിരുന്നു അദ്ദേഹം പ്രശംസിച്ചത്. സംഭവത്തിന് പിന്നാലെ ഭരണപക്ഷത്തിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആന്തൊണി രാജിവെച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിഷേധം തുടരുമെന്ന് കാനഡയിലെ ജൂത സംഘടനകൾ അറിയിച്ചു.
കാനഡയുടെ ജനസംഖ്യയിൽ രണ്ട് ശതമാനത്തോളം ജൂത വംശജരാണ്. രാഷ്‌ട്രീയത്തിലും നിർണായക സ്വാധീനമാണ് ജൂതന്മാർക്കുള്ളത്. ലിബറൽ പാർട്ടിയിലെ പ്രമുഖനായ ആന്തൊണി റോട്ടയുടെ പരാമർശം പ്രധാനമന്ത്രി ട്രൂഡോയ്‌ക്ക് കൂടിയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.