തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അഖിൽ മാത്യു, ഇടനിലക്കാരനായ അഖിൽ സജീവനും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
മകന്റെ ഭാര്യയുടെ നിയമനത്തിനു വേണ്ടിയാണ് പണം നൽകിയതെന്ന് ഹരിദാസൻ പരാതിയിൽ വ്യക്തമാക്കുന്നു. ആകെ 5 ലക്ഷം രൂപയാണ് കൈക്കൂലിയായി വശ്യപ്പെട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയാണെന്നും സിപിഎം നേതാവാണെന്നും പരിചയപ്പെടുത്തി ഇടനിലക്കാരൻ ഇങ്ങോട്ട് വന്ന് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ജോലി ലഭിക്കില്ലെന്നും അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. മാർച്ച് 24ന് അഖിൽ സജീവിന്റെ അക്കൗണ്ടിലേക്ക് 25,000 രൂപ അഡ്വാൻസ് നൽകി. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം പേഴേസണൽ സ്റ്റാഫ് അംഗത്തെ മന്ത്രിയുടെ ഓഫീസിൽ പോയി കണ്ടു സംസാരിച്ച് ഒരു ലക്ഷം രൂപ നൽകിയതായും ഹരിദാസൻ പരാതിയിൽ വ്യക്തമാക്കി. നിയമന ഉത്തരവ് ഉടൻ നൽകുമെന്ന ഉറപ്പിലാണ് പണം കൈമാറിയത്. ആകെ ഇരുവരും ചേർന്ന പല തവണകളായി 1,75000 രൂപ തട്ടിയെടുത്തതായി ഹരിദാസൻ പരാതിയിൽ വ്യക്തമാക്കുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് ഇരുവരെയും കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് മറ്റൊരാളെ നിയമിച്ചതായി അറിഞ്ഞതെന്നും ഹരിദാസൻ പരാതിയിൽ ഉന്നയിക്കുന്നു. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ സമഗ്ര അന്വേഷണമാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.















