ഉദ്ധിഷ്ട കാര്യ സിദ്ധിക്കുള്ള വഴിപാടായ വള്ളസദ്യ ആറന്മുള പാർത്ഥസാരഥിക്ക് സമർപ്പിച്ച് നടൻ ദിലീപ്. ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപ് വള്ള സദ്യ സമർപ്പിച്ചത്. ഗോപാലകൃഷ്ണൻ, പത്മസരോവരം ദേശം, ആലുവയെന്ന വിലാസത്തിലായിരുന്നു ദിലീപിന്റെ വള്ളസദ്യ നേർന്നത്. ചടങ്ങുകളുടെ ഭാഗമായി രാവിലെ തന്നെ ദിലീപ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പ്രസാദം സ്വീകരിച്ചു.

വഴിപാട് സമർപ്പണ ചടങ്ങുകൾക്കായി ക്ഷേത്ര ഗജ മണ്ഡപത്തിലെത്തി നെൽ പറ നിറച്ചു. തുടർന്ന് പള്ളിയോടത്തിൽ ചാർത്താനുള്ള ഹാരം ശ്രീകോവിലിൽ നിന്നും ഏറ്റുവാങ്ങി. ശേഷം കടവത്തെത്തി പള്ളിയോടത്തിന്റെ ക്യാപ്റ്റന് ആചാരപരമായി പുഷ്പഹാരം കൈമാറി. ആചാര പ്രകാരം വാദ്യ മേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ കരക്കാരെ തിരുമുറ്റത്തേക്ക് ആനയിച്ചു. വഞ്ചിപ്പാട്ട് ഏറ്റുപാടി പ്രദക്ഷിണം വച്ച ശേഷം കരക്കാരെ വഴിപാട് സ്വീകരണത്തിനായി ക്ഷണിച്ചു.

ഊട്ടുപുരയിലെത്തി വിളക്കത്ത് വിളമ്പി. കരക്കാർ വഞ്ചിപ്പാട്ടിനൊപ്പം ചോദിച്ച വിഭവങ്ങൾ വിളമ്പി എല്ലാവർക്കുമൊപ്പം സദ്യയും കഴിച്ചു. ശേഷം പറ സമർപ്പിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ദക്ഷിണ നൽകി പള്ളിയോടത്തെ യാത്രയാക്കിയ ശേഷമാണ് ദിലീപ് മടങ്ങിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി ഇരുപതോളം പേർ ദിലീപിനൊപ്പം വള്ളസദ്യയിൽ പങ്കെടുത്തു.
















