പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി അനന്തകുമാറിനെ വീട്ടിലും, വയലിലും, തെളിവുകൾ വലിച്ചെറിഞ്ഞ കനാലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ വൈദ്യുതി കെണിക്ക് ഉപയോഗിച്ച വയറും കമ്പിയും യുവാക്കളുടെ വയർ കീറിയ കത്തിയും കണ്ടെടുത്തു.
ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം മലമ്പുഴ കനാലിലായിരുന്നു തെളിവെടുപ്പ്. യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വൈദ്യുതി കമ്പിയും വയറും രക്ത കറ പുരണ്ട വസ്ത്രങ്ങളും കനാലിലായിരുന്നു വയലുടമയായ അനന്തകുമാർ ഉപേക്ഷിച്ചത്. കനാലിൽ നിന്നും ഇവയെല്ലാം പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ കരിങ്കരപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ നിന്നും വെള്ളം കൊണ്ട് പോവുന്ന ഹോസിലൂടെ വൈദ്യുതി വയലിലേക്ക് വലിച്ചത് ഉൾപ്പെടെ പ്രതി പോലീസിന് കാണിച്ചു കൊടുത്തു. യാതൊരു കൂസലും ഇല്ലാതെയായിരുന്നു അനന്തകുമാർ പോലീസിനോട് കാര്യങ്ങൾ വിവരിച്ചത്.
അവസാനമായാണ് പ്രതിയെ വയലിൽ എത്തിച്ചത്. യുവാക്കൾ ഷോക്കേറ്റ് കിടക്കുന്നത് കണ്ടപ്പോൾ പരിഭ്രമത്തിലായ അനന്തകുമാർ 70 സെ.മി താഴ്ചയിൽ കുഴി കുത്തി ഒന്നിന് മുകളിൽ ഒന്നായിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്. മൃതദേഹങ്ങൾ പൊങ്ങിവരാതിരിക്കാൻ വയർ കീറിയതായും പോലീസിനോട് പ്രതി പറഞ്ഞു. വയൽ വരമ്പത്തുള്ള ഒരു പഴയ ഫ്രിഡ്ജിൽ നിന്നും യുവാക്കളുടെ വയർ കീറാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിച്ചുണ്ട്.
തിങ്കളാഴ്ച രാവിലെ അനന്തകുമാർ വയലിൽ എത്തിയപ്പോഴാണ് പന്നിക്ക് വെച്ച കെണിയിൽ യുവാക്കൾ കുടുങ്ങി മരിച്ചത് അറിയുന്നത്. ശേഷം വയർ കീറി മൃതദേഹങ്ങൾ കുഴിച്ചിട്ടതും, വൈദ്യുത കമ്പിയും വയറും കത്തിയും ഉൾപ്പെടെ തെളിവുകൾ നശിപ്പിച്ചതുമെല്ലാം വളരെ ആസൂത്രണത്തോടെയാണ്. സ്വന്തം കുടുംബാംഗങ്ങളോട് പോലും ഒന്നും പറഞ്ഞിരുന്നില്ല. മാത്രമല്ല കാണാതായ സതീഷിനും, ഷിജിത്തിനുമായി നാട്ടുകാരും ബന്ധുക്കളുമെല്ലാം വയലിൽ തിരച്ചിൽ നടത്തുമ്പോഴും അനന്തൻ സ്വന്തം വീട്ടിൽ യാതൊന്നും അറിയാത്ത സംഭവിക്കാത്ത രീതിയിൽ ഇരിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇന്നലെ വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റ സമ്മതം നടത്തിയത്.















