ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് ലോക റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണ മെഡല്‍ നല്‍കിയത് സിഫ്ത് കൗര്‍ സംറയാണ്.50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത ഇനത്തില്‍ ആയിരുന്നു സ്വര്‍ണ്ണം. ഗെയിംസ് റെക്കോര്‍ഡിനൊപ്പം ലോക റെക്കോര്‍ഡും സംറ തകര്‍ത്തു. ചൈനീസ് താരത്തെ മറികടന്നാണ് താരം സ്വര്‍ണം നേടിയത്. 22 കാരിയായ ഷൂട്ടറുടെ സ്വര്‍ണം ഇന്ത്യയുടെ ഈ ഏഷ്യന്‍ ഗെയിംസിലെ അഞ്ചാം സ്വര്‍ണ്ണവുമായി. ഫൈനലില്‍ 469.6 സ്‌കോറാണ് സംറ നേടിയത്.
സ്‌റ്റെതസ്‌കോപ്പ് വേണ്ടെന്ന് വച്ചാണ് യുവതാരം റൈഫിള്‍ കൈയിലെടുത്തത്. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ പ്രവേശനം ലഭിച്ച സിഫ്ത് ജിജിഎസ് മെഡിക്കല്‍ കോളേജില്‍ ഒരുവര്‍ഷത്തെ പഠനത്തിന് ശേഷം അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ഷൂട്ടറാകണോ ഡോക്ടര്‍ ആകണോ എന്ന ചോദ്യം മുന്നില്‍ വന്നപ്പോഴാണ് സ്‌റ്റെതസ്‌കോപ്പ് താഴവച്ച് ഷൂട്ടിംഗ് റൈഫിള്‍ കൈയിലെടുത്തത്.
പഞ്ചാബിലെ ഷൂട്ടിംഗ് റെയിഞ്ചില്‍ 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താരം ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇതിനെക്കുറിച്ച് സിഫ്തിനോട് ചോദിച്ചാല്‍ താനൊരു ആക്‌സിഡന്റല്‍ ഷൂട്ടറാണെന്നായിരിക്കും മറുപടി. ‘എന്റെ കസിനാണ് എന്നെ ഷൂട്ടിംഗ് പരിചയപ്പെടുത്തുന്നത്.
എന്റെ ആദ്യ സംസ്ഥാന മത്സരത്തില്‍ നല്ല പ്രകടനം നടത്തിയതോടെ എന്റെ ബന്ധുക്കള്‍ മാതാപിതാക്കളോട് പറഞ്ഞു ഇവളെ ഷൂട്ടിംഗില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന്. അതിപ്പോള്‍ എന്തായാലും പാഴായില്ല, താനിപ്പോള്‍ ഒരു ഷൂട്ടറായി’.-22 കാരി പറഞ്ഞു.
ജൂനിയര്‍ ലോകകപ്പില്‍ അഞ്ചുമെഡലുകളാണ് സിഫ്ത് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഗെയിംസില്‍ ഒരു സ്വര്‍ണവും നേടിയിരുന്നു. ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ 50മീറ്റര്‍ റൈഫിള്‍ 3പി വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയാണ് താരം വരവറിയിച്ചത്.