തിരുവനന്തപുരം; ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഇങ്ങനെ. ഒരു വലിയ പാത്രത്തില്‍ ചോറുണ്ട്. അതില്‍ ഒരു കറുത്ത വറ്റുണ്ട് എന്ന് വിചാരിക്കുക. ആ കറുത്ത വറ്റെടുത്തിട്ട് ഇത് മോശം ചോറാണെന്ന് പറയാനാകുമോ? കഴിക്കാത്തവര്‍ ആ കറുത്ത വറ്റെടുത്ത് കളയുക. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകള്‍ നാടിനു ചെയ്യുന്നവരാണ്.
അതിനകത്ത് സാധാരണ ഗതിയില്‍നിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണം. അതില്‍ അഭിപ്രായ വ്യത്യാസമില്ല.” മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും. ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാന്‍ 50 വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. ബാങ്കിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ പോലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസില്‍ 26 പ്രതികളാണുള്ളത്. 18 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാന്‍ പോകുന്നില്ല.
ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ. ഞാന്‍ പറയുന്നത് എന്റെ പക്കലുള്ള വിവരങ്ങളാണ്. ഇ.ഡിക്ക് പല ഉദ്ദേശ്യങ്ങളുമുണ്ടാകും. അതെല്ലാം നടക്കട്ടെ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കണ്ണനൊക്കെ പറയുന്നത് നാം കേട്ടല്ലോ. അതുകൊണ്ടൊന്നും അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുമെന്ന് കരുതേണ്ടതില്ല. അവര്‍ പല ഉദ്ദേശ്യങ്ങളോടെയും ഇവിടെ ഇടപെടുന്നുണ്ട്. ആ ഉദ്ദേശ്യമൊന്നും സഫലമാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നത് വസ്തുതയാണ്.
കാരണം, ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരമാണ്. അത് അവര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള സംസ്‌കാരമല്ല. ചില ആളുകളെ എടുത്തിട്ട് അവര്‍ക്ക് ബെനാമികളുണ്ടെന്ന് പറഞ്ഞാല്‍, ഇല്ല എന്നുള്ളത് സമൂഹത്തിന് അറിയാമല്ലോ. അവര്‍ മറ്റു പലരെയും കണ്ടിട്ടു വരുന്നതുകൊണ്ട്, ബെനാമി ഇല്ല എന്ന കാര്യം അത്ര പെട്ടെന്ന് മനസ്സിലാകില്ല. പലയിടത്തും കണ്ടതെല്ലാം ഇവിടെയും ഉണ്ടാകുമെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ, തൊട്ടുനോക്കുമ്പോഴാണ് അവിടേക്കൊന്നും എത്തുന്നില്ലെന്ന് മനസ്സിലാകുന്നത്.