കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. റിപ്പോർട്ട് തയ്യാറാക്കിയതിലും മെഡിക്കൽ പരിശോധനയിലും ഡോക്ടറുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് എസിപി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് തയ്യാറാക്കിയതിലും വൈദ്യപരിശോധന നടത്തിയതിലും ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിയുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് എസിപി റിപ്പോർട്ടിൽ പറയുന്നത്. കേസ് അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് അതിജീവിത സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് എസിപി സുദർശൻ റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതി ശരിയായ വൈദ്യപരിശോധന നടത്താതെയും കൃത്യമായി മൊഴി രേഖപ്പെടുത്താതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് അതിജീവിത. നീതി തേടി കോടതിയെ സമീപിക്കുമെന്ന് അതിജീവിത അറിയിച്ചു. ഡോക്ടറുടെ ഭാഗത്ത് നിന്ന് ഒരു സ്ത്രീയെന്ന പരിഗണന പോലും അതിജീവിതയ്‌ക്ക് ലഭിച്ചിട്ടില്ലെന്ന് സമരസമിതിയും ആരോപിച്ചു. സാക്ഷിമൊഴി പോലും രേഖപ്പെടുത്തിയില്ല. ഡോക്ടറുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. നിയമ പോരാട്ടത്തിന് അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്നും സമരസമിതി വ്യക്തമാക്കി.















