തിരുവനന്തപുരം: പാമ്പിനെ കിടപ്പുമുറിയിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തി. കാട്ടക്കട അമ്പലത്തിൻകാല കുളവിയോട് സ്വദേശി കിച്ചു (30) ആണ് അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്. ബുധനാഴച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
രാജേന്ദ്രന്റെ വീട്ടിൽ വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളംവച്ച് ആക്രമത്തിന് മുതിരുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാരെത്തി പ്രതിയെ പിടികൂടി കാട്ടാക്കട പോലീസിന് കൈമാറി. ആഴ്ചകൾക്ക് മുമ്പാണ് ഇയാൾ രാജേന്ദ്രന്റെ വീട്ടിൽ പാമ്പിനെ എറിഞ്ഞ് ആക്രമണം നടത്തിയത്.
പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾ പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടു. തുടർന്ന് വീട്ടുകാർ പാമ്പിനെ അടിച്ചു കൊന്നു. പിന്നാലെ കാട്ടാക്കട പോലീസിൽ രാജേന്ദ്രൻ പരാതി നൽകി.
മകളെ ശല്യം ചെയ്തതു വിലക്കിയതിലുള്ള ദേഷ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിച്ചു നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.















