ചെന്നൈ: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തൊണ്ണൂറ്റിയെട്ട്
വയസ്സായിരുന്നു. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നാണ് അദ്ദേഹം ബിഎസ്സി ബിരുദം നേടിയത്. മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദവും നേടിയ ശേഷം ദില്ലിയിൽ ഇന്ത്യൻ അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്‌കോ സ്‌കോളർഷിപ്പിൽ നെതർ ലൻഡ്സിൽ ഉപരിപഠനമാണ് സ്വാമിനാഥൻ തിരഞ്ഞെടുത്തത്. പിന്നീട് കേംബ്രിഡ്ജിൽ നിന്ന് പി എച്ച് ഡി നേടിയ ശേഷം വിസ്‌കോൺസിൻ യൂനിവേഴ്‌സിറ്റിയിൽ ഉപരി ഗവേഷണം കഴിഞ്ഞ് 1954 ൽ ഇന്ത്യയിൽ തിരിച്ചെത്തി കട്ടാക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
അടുത്ത വർഷം ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. നോബൽ സമ്മാന ജേതാവ് നോർമൻ ബോർലോഗുമായി ചേർന്ന് പുതിയ ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിച്ച് ഗോതമ്പ് ഉത്പാദനം 12 ടണ്ണിൽ നിന്ന് 17 ടണ്ണായി ഉയർത്തി. ലോകമെങ്ങും ഹരിത വിപ്ലവം കൊണ്ടുവരുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്ക് ബോർലോഗ് തന്റെ നോബൽ സമ്മാന പ്രസംഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭട് നഗർ അവാർഡ്, മാഗ്സാസെ അവാർഡ്, റോമിൽ നടന്ന ഐക്യരാഷ്‌ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി, വേൾഡ് ഫുഡ് പ്രൈസ്, ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം, കേരള ശാസ്ത്ര പുരസ്കാരം
ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. .