ആരാധകർ ഏറെയുള്ള ബോളിവുഡിലെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സാമൂഹ്യമാദ്ധ്യമ ലോകത്ത് ശ്രദ്ധേിക്കപ്പെടാറുണ്ട്. ഇന്നിതാ രൺബീർ കപൂറിന്റെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേരുകയാണ് ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരുടെയും ചിത്രങ്ങളോടൊപ്പം ആലിയ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ പ്രണയം, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ സന്തോഷത്തിന്റെ ഇടം. ജന്മദിനാശംസകൾ” എന്നാണ് ആലിയ ഭട്ട് കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള യാത്രയ്‌ക്കിടയിലെ ചിത്രങ്ങളും, വിവാഹ ദിനത്തിലെ ചിത്രങ്ങളുമാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്. ആലിയയുടെ പോസ്റ്റിന് താഴെ ബോളിവുഡിലെ നിരവധി താരങ്ങളും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
സാമൂഹ്യമാദ്ധ്യമങ്ങളിൽ അക്കൗണ്ടില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് രൺബീർ. എന്നാൽ ആലിയയുടെ പോസ്റ്റ് വൈറലായതിന് ശേഷം സീക്രട്ട് അക്കൗണ്ട് ഉണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകർ. 2007-ൽ ‘സാവരിയ’എന്ന ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 2022-ലെ ബ്രഹ്‌മാസ്ത്രയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രൺബീർ ചിത്രം. ആലിയ ഭട്ട് നായികായായെത്തിയ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. 2022 ഏപ്രിൽ 22-നായിരുന്നു രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.