ഒരു വ്യവസായി എന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയാണ് രത്തൻ ടാറ്റ. അദ്ദേഹം വെറുമൊരു നായ പ്രേമി മാത്രമല്ല, മൃഗങ്ങളുടെ അവകാശങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു മൃഗസ്‌നേഹി കൂടിയാണ്. ഉപേക്ഷിച്ചതും, പരിക്കേറ്റതുമായ നായ്‌ക്കളെ സംരക്ഷിക്കുന്നതിനും പാർപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പലപ്പോഴും ചർച്ചയാവാറുണ്ട്. അത്തരത്തിൽ രത്തൻ ടാറ്റ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
മുംബൈ തെരുവിൽ നിന്നും കണ്ടെത്തിയ നായയെ കുറിച്ചുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ‘ബുധനാഴ്ച രാത്രി സിയോൺ ആശുപത്രിക്കു സമീപം പരിക്കുകളോടെ ഒരു നായയെ കണ്ടെത്തി. ഇവന്റെ ഉടമസ്ഥനെ കുറിച്ച് അറിവ് ലഭിച്ചാൽ reportlostdog@gmail.com എന്ന ഇ-മെയിലേക്ക് വിവരം അറിയിക്കുക.’ നായക്കുട്ടി ഇപ്പോൾ ഞങ്ങളുടെ പരിചരണത്തിലാണെന്നും അവന് ചികിത്സ നൽകുന്നുണ്ടെന്നും രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നായയുടെ കഴുത്തിൽ ചുവന്ന ഒരു ബെൽറ്റുള്ളതിനാലാണ് ഇത് തെരുവു നായ അല്ലെന്നുള്ള കാര്യം വ്യക്തമാകുന്നത്. ഉടമ ഉപേക്ഷിച്ചു പോയതാണെങ്കിൽ അവൻ നിങ്ങളോടൊപ്പം സുരക്ഷിതമായി ഇരിക്കട്ടെയെന്നും, രത്തൻ ടാറ്റ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ‘മാനവികത’ എന്താണെന്നു കാണിച്ചു തരുന്നെന്നും തുടങ്ങി നിരവധി കമന്റുകളാണ് നിമിഷനേരം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞത്.