പാലക്കാട്: മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മുതലമട കാടംകുറിശ്ശി സ്വദേശികളായ വിൽസൺ- ഗീതു ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം പാൽ സൊസൈറ്റിലേക്ക് പോകുന്ന സമയത്താണ് അപകടം.
പാൽ കൊടുക്കുന്നതിനായി സൊസൈറ്റിലേക്ക് പോകുന്ന വഴി റോഡരികിലുണ്ടായിരുന്ന മതിലിടിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 15 വർഷം പഴക്കമുള്ള മതിലാണ് പൊളിഞ്ഞു വീണത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടുത്തുള്ള കൊല്ലങ്കോട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലിന്റെ ബലക്ഷയമാണ് പൊളിഞ്ഞു വീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടു നൽകും.















