മാസ് സിനിമകളുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ജോഷിയുടെ ചിത്രങ്ങൾ എക്കാലവും തിയറ്ററുകളിൽ ഓളം സൃഷ്ടിച്ചിട്ടേ ഉള്ളൂ. മലയാള സിനിമയ്‌ക്ക് ഒരു പിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. കാലങ്ങൾ പിന്നിടുമ്പോഴും ജോഷി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ‘നരൻ’ മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ വീണ്ടുമൊരു ജോഷി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുതിയൊരു സിനിമ പുറത്തിറങ്ങുന്നെന്നുള്ള വിവരങ്ങളാണ് സിനിമാ ലോകത്തു നിന്നും പുറത്തുവരുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ ഉണ്ടാകുമെന്ന വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദായിരിക്കുമെന്നുള്ള വാർത്തകളുമുണ്ട്. 2015ൽ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ പിറന്ന അവസാന ചിത്രം. ജനുവരി ഒരു ഓർമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹൻലാൽ ജോഷി കോംബോ ആദ്യമായി തുടക്കമിടുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുക്കെട്ടിൽ നിന്നും പിറന്നത്.
അതേസമയം മോഹൻലാൽ-മുരളിഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരിക്കുന്ന തിരക്കിലാണ് മോഹൻലാൽ. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാളെ ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റുണ്ടാകുമെന്നാണ് സൂചന. പ്രിയദർശൻ കൂട്ടുകെട്ടിലും പുതിയ ചിത്രം ഒരുങ്ങാൻ പോകുകയാണ് എന്ന വാർത്തകളും ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. ഹരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസനാണ്.















